Thursday, October 11, 2012

സി.പി.ഐ.(എം) സ്ഥാപക നേതാക്കള്‍







പി.കൃഷ്‌ണപിള്ള

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ ആദ്യപഥികനാണ്‌ പി.കൃഷ്‌ണപിള്ള. ആ ജീവിതവും നേതൃഗുണവും മാനവികതയും സര്‍വോപരി കമ്യൂണിസ്റ്റ്‌ നൈതികതയും എല്ലാ തലമുറകള്‍ക്കും പഠിക്കാനും ഉള്‍ക്കൊള്ളാനുമുള്ള പാഠപുസ്‌തകമാണ്‌. `സഖാവ്‌' ജനിച്ചത്‌ 1906-ല്‍ വൈക്കത്താണ്‌. പതിനാലാം വയസ്സില്‍ കൃഷ്‌ണപിള്ള അനാഥനായി. ഇരുപത്തൊന്നാം വയസ്സില്‍ അലഹബാദില്‍ ചെന്ന്‌ ഹിന്ദി പഠിച്ച്‌ മടങ്ങിവന്ന്‌ ദക്ഷിണ ഭാരത ഹിന്ദിപ്രചാര സഭയുടെ പ്രവര്‍ത്തകനായിത്തീര്‍ന്നു. ജീവിക്കാനായി പലതരം തൊഴിലുകളില്‍ ഏര്‍പ്പെട്ടു. 1930 ജനുവരിയില്‍ ഉപ്പു സത്യഗ്രഹം നടത്താന്‍ വടകര നിന്നും പയ്യന്നൂരിലേയ്‌ക്കുപോയ ജാഥയുടെ പതാക വാഹകനായതോടെ പി.കൃഷ്‌ണപിള്ളയുടെ ജീവിതം ആധുനിക കേരള ചരിത്രത്തിന്റെ ഭാഗമായിത്തീര്‍ന്നു.

ദേശീയപ്രസ്ഥാനം, കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടി, കമ്മ്യൂണിസ്റ്റ്‌ പാര്‍ടി എന്നിവയുടെ സംഘാടനത്തില്‍ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു. ചരിത്രത്തിന്റെ മുന്നോട്ട്‌ പോക്കിന്‌ അനുസൃതമായി രൂപീകരിക്കപ്പെട്ട ഈ പ്രസ്ഥാനങ്ങളിലെല്ലാം പ്രവര്‍ത്തിക്കുന്നതിന്‌ കൃഷ്‌ണപിള്ളയ്‌ക്ക്‌ കഴിഞ്ഞു. കേരളത്തിന്റെ ഓരോ മുക്കിലും മൂലയിലും കൃഷ്‌ണപിള്ള മാറ്റത്തിന്റെയും ധീരമായ വാക്കും പ്രവര്‍ത്തനവുമായി കടന്നുചെന്നു.

1937 ല്‍ കോഴിക്കോട്ട്‌ രൂപീകൃതമായ ആദ്യത്തെ കമ്യൂണിസ്റ്റ്‌ പാര്‍ടി ഗ്രൂപ്പിന്റെ സെക്രട്ടറി സഖാവായിരുന്നു. ജീവിക്കാനായി പലതരം തൊഴിലുകള്‍ അദ്ദേഹം ചെയ്‌തിരുന്നു, മര്‍ദ്ദനങ്ങളും ജയില്‍വാസവും ജീവിതത്തിന്റെ ഭാഗമായി. ആലപ്പുഴയിലെ കയര്‍ത്തൊഴിലാളികളെയും കോഴിക്കോട്ടെ കോട്ടണ്‍മില്‍ തൊഴിലാളികളെയും കണ്ണൂരിലെ ബീഡി-നെയ്‌ത്ത്‌ തൊഴിലാളികളെയും മലബാറിലെ കൃഷിക്കാരെയും സംഘടിപ്പിക്കുന്നതിലും സഖാവ്‌ മുന്‍ പന്തിയിലുണ്ടായിരുന്നു.

പിണറായി-പാറപ്പുറം രഹസ്യസമ്മേളനത്തില്‍ പങ്കെടുത്ത സഖാവ്‌ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളഘടകത്തിന്റെ പ്രഥമ സെക്രട്ടറിയായി. ഇതിഹാസതുല്യമായിരുന്നു ആ ജീവിതം. മരണം പോലും ഒളിവിലിരിക്കെയായിരുന്നു. കേരളത്തില്‍ കൃഷ്‌ണപിള്ള അറിയാത്ത ഗ്രാമങ്ങളോ പാര്‍ടിയുടെ പ്രധാന പ്രവര്‍ത്തകരോ ഉണ്ടായിരുന്നില്ല. ഗ്രാമങ്ങള്‍ തോറും സഞ്ചരിച്ചാണ്‌ കേഡര്‍മാരെ റിക്രൂട്ട്‌ ചെയ്യുകയും ഒളിവില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ ഷെല്‍ട്ടറുകള്‍ സംഘടിപ്പിക്കുകയും ചെയ്‌തിരുന്നത്‌.

തൊഴിലാളി വര്‍ഗ്ഗ രാഷ്‌ട്രീയത്തോടും, സാധാരണ ജനജീവിതത്തോടും കൃഷ്‌ണപിള്ള ഇഴുകിച്ചേര്‍ന്നിരുന്നു. തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സില്‍ 1948 ആഗസ്‌റ്റ്‌ 19-ന്‌ ആലപ്പുഴയിലെ കണ്ണര്‍കാട്ടെ ഒളിത്താവളത്തില്‍ സര്‍പ്പദംശമേറ്റ്‌ മരിക്കുന്നതിനിടയിലും കൃഷ്‌ണപിള്ള പെരുമാറിയത്‌ ഒരു കമ്മ്യൂണിസ്റ്റുകാരന്റെ ഒരിക്കലും തോല്‌ക്കാത്ത ഇച്ഛാശക്തിയുടെ അഗ്നിനാളമായാണ്‌. തന്റെ വിറയ്‌ക്കുന്ന കൈകള്‍കൊണ്ട്‌ അവസാനമായി കൈമാറിയ `സഖാക്കളെ മുന്നോട്ട്‌` എന്ന വാക്കുകള്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാരെ അന്നും ഇന്നും ത്രസിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.










ഇ.എം ശങ്കരന്‍ നമ്പൂതിരിപ്പാട്‌

മനുഷ്യജീവിതത്തിന്റെ സമസ്‌ത മേഖലകളെയും നിയന്ത്രിക്കുകയും സ്വാധീനിക്കുകയും ചെയ്യുന്നതാണ്‌ രാഷ്‌ട്രീയപ്രവര്‍ത്തനം. ഈ ധാരണയോടെ തന്റെ ചുറ്റുപാടുകളിലെ ചലനങ്ങളെ സൂക്ഷ്‌മതയോടുകൂടി വിലയിരുത്തിയ മാര്‍ക്‌സിസ്റ്റ്‌ ദാര്‍ശനികനായിരുന്നു ഇ.എം.എസ്‌.

ജന്മിത്വം കൊടികുത്തിവാണിരുന്ന ഘട്ടത്തിലാണ്‌ ഇ.എം.എസ്‌ വള്ളുവനാട്ടിലെ പ്രസിദ്ധമായ ജന്മികുടുംബത്തില്‍ പിറന്നത്‌. 1909 ജൂണ്‍ 13 ന്‌ പാലക്കാട്‌ ജില്ലയിലെ ഏലംകുളത്ത്‌ ജനിച്ചു. പിതാവ്‌ പരമേശ്വരന്‍ നമ്പൂതിരിപ്പാടും. മാതാവ്‌ വിഷ്‌ണുദത്തയും. സാമൂഹ്യ പരിഷ്‌കരണ പ്രസ്ഥാനത്തിന്റെ തീക്ഷ്‌ണമായ സമരങ്ങളില്‍ പങ്കാളിയായാണ്‌ തന്റെ പൊതുപ്രവര്‍ത്തനം ഇ.എം.എസ്‌ ആരംഭിക്കുന്നത്‌. 'ഉണ്ണിനമ്പൂതിരി'യില്‍ തുടര്‍ന്ന്‌ കോണ്‍ഗ്രസ്സുകാരനായി രാഷ്‌ട്രീയ ജീവിതത്തിലേക്ക്‌ അദ്ദേഹം പ്രവേശിച്ചു. വിദ്യാര്‍ത്ഥിയായിരിക്കുന്ന അവസരത്തില്‍ തന്നെ നമ്പൂതിരി യോഗക്ഷേമ സഭയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാന്‍ തുടങ്ങി, എഴുതാനും തുടങ്ങി.  തൃശൂര്‍ സെന്റ്‌ തോമസ്‌ കോളേജില്‍ ബി.എ ക്ക്‌ പഠിച്ചുകൊണ്ടിരുന്നപ്പോള്‍ നിയമലംഘനത്തില്‍ പങ്കെടുക്കാനായി കോളേജ്‌ വിട്ടു. നിയമം ലംഘിച്ചു അറസ്റ്റ്‌ വരിച്ചു. ജയില്‍ മോചിതനായ ഇ.എം.എസ്‌ മുഴുവന്‍ സമയ കോണ്‍ഗ്രസ്സ്‌ പ്രവര്‍ത്തകനായി. കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ടിയിലൂടെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിലെത്തി. കോഴിക്കോട്ട്‌ രൂപംകൊണ്ട ആദ്യത്തെ കമ്യൂണിസ്റ്റ്‌ ഗ്രൂപ്പില്‍ സഖാവും അംഗമായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറിയായി. തുടര്‍ന്നാണ്‌ കമ്യൂണിസ്റ്റ്‌ പാര്‍ടി രഹസ്യമായി സംഘടിപ്പിച്ചപ്പോള്‍ അതിലും അംഗമായി ചേരുന്നത്‌. പാര്‍ടിയുടെ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. മരണം വരെ പാര്‍ടിയുടെ ഉന്നതാധികാരസമിതികളായ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ്‌ ബ്യൂറോയിലും അംഗമായിരുന്നു.

1934 പി. കൃഷ്‌ണപിള്ള, എ.കെ.ജി, കേരളീയന്‍ തുടങ്ങിയവരുമായി ചേര്‍ന്ന്‌ കേരളത്തില്‍ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിക്ക്‌ രൂപം നല്‍കി. 1934 മുതല്‍ 1940 വരെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ ജോയിന്റ്‌ സെക്രട്ടറിയായിരുന്നു. 1934 ലും 1938-40 ലും കെ.പി.സി.സി സെക്രട്ടറി, 1941 മുതല്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ കേന്ദ്രകമ്മിറ്റി മെമ്പര്‍. 1950 മുതല്‍ പോളിറ്റ്‌ ബ്യൂറോ മെമ്പര്‍.  അജയ്‌ഘോഷിന്റെ മരണത്തെത്തുടര്‍ന്ന്‌ എസ്‌.എ. ഡാങ്കെ പാര്‍ടിയുടെ ചെയര്‍മാനും, ഇ.എം.എസ്‌ ജനറല്‍സെക്രട്ടറിയുമായിരുന്നു. അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന്‌ ഇ എം എസ്‌ 1963 ല്‍ രാജി വെച്ചു. 1977 മുതല്‍ 14 വര്‍ഷം ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടി (മാര്‍ക്‌സിസ്റ്റ്‌) ജനറല്‍ സെക്രട്ടറി. 1939 ല്‍ മദിരാശി അസംബ്ലിയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടു.

മാര്‍ക്‌സിസം-ലെനിനിസത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ പ്രയോഗിക്കുന്നതിന്‌ സഖാവ്‌ നല്‍കിയ സംഭാവന അവിസ്‌മരണീയമാണ്‌. രാഷ്‌ട്രീയരംഗത്തെ ഈ ഇടപെടല്‍ നമ്മുടെ രാജ്യത്തിന്റെ പരിധിക്കകത്ത്‌ മാത്രം ഒതുങ്ങിനിന്ന ഒന്നായിരുന്നില്ല. സാര്‍വദേശീയ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിനകത്തെ എല്ലാ ചലനങ്ങളെയും സസൂക്ഷ്‌മം വിലയിരുത്തുന്നതിലും അവയെ സാധാരണക്കാരുടെ ഇടയിലേക്ക്‌ എത്തിക്കുന്നതിലും സഖാവ്‌ കാണിച്ച ശുഷ്‌കാന്തി കേരളീയ ജനതയെ സാര്‍വദേശീയ പ്രശ്‌നങ്ങളുമായി ഐക്യപ്പെടുത്തി. ഏത്‌ പ്രശ്‌നത്തെയും പരസ്‌പര ബന്ധത്തിലും വന്നുകൊണ്ടിരിക്കുന്ന മാറ്റത്തിലും ഊന്നിനിന്ന്‌ ലളിതമായി വിശദീകരിക്കുന്നതിന്‌ കാണിച്ച പാടവം തൊഴിലാളിവര്‍ഗ പ്രസ്ഥാനത്തിന്റെ രാഷ്‌ട്രീയ വിദ്യാഭ്യാസത്തിന്‌ അമൂല്യമായ സംഭാവനയാണ്‌ നല്‍കിയത്‌. സഖാവിന്‌ അന്യമായ ഒരു മേഖലയും ഇല്ലായിരുന്നു. ആധുനിക കേരളത്തിന്റെ രാഷ്‌ട്രീയ ചലനങ്ങളിലും സാമൂഹ്യ മുന്നേറ്റങ്ങളിലും സാംസ്‌കാരിക ഇടപെടലുകളിലും ആ വ്യക്തിമുദ്ര പതിഞ്ഞിട്ടുണ്ട്‌.

ആധുനിക കേരളത്തിന്റെ രൂപീകരണത്തിന്‌ ഇടയാക്കിയ സാമൂഹ്യ-രാഷ്‌ട്രീയ ചലനങ്ങളിലെല്ലാം നിറഞ്ഞ സാന്നിധ്യമായി സഖാവുണ്ടായിരുന്നു. ഭാഷാടിസ്ഥാനത്തില്‍ കേരളത്തെ ഒന്നാക്കി നിര്‍ത്തേണ്ടതിന്റെ പ്രാധാന്യം സംസ്‌കാരത്തെയും രാഷ്‌ട്രീയത്തെയും സമൂഹ രൂപീകരണത്തെയും അടിസ്ഥാനപ്പെടുത്തി വിശദീകരിക്കുന്നതില്‍ ഇ.എം.എസ്‌ നല്‍കിയ സംഭാവന അവിസ്‌മരണീയമാണ്‌. ഇതിന്റെ അടിസ്ഥാനത്തില്‍ അക്കാലത്ത്‌ എഴുതപ്പെട്ട കേരളം മലയാളികളുടെ മാതൃഭൂമി എന്ന പുസ്‌തകം കേരള സംസ്ഥാനത്തിന്റെ രൂപീകരണത്തിനു തന്നെ ഇടയാക്കിയ അടിസ്ഥാന കാഴ്‌ചപ്പാടുകള്‍ മുന്നോട്ടുവച്ചുകൊണ്ടുള്ളതാണ്‌.

ഐക്യകേരളമെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമായതിനുശേഷം ആദ്യമായി നടന്ന പൊതു തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ കമ്യൂണിസ്റ്റ്‌ പാര്‍ടി അധികാരത്തിലെത്തി. ഈ ഘട്ടത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ പാര്‍ടി നിയോഗിച്ചതും സഖാവിനെയായിരുന്നു. ഒരു പൂര്‍വ്വ മാതൃക മുമ്പിലില്ലാതിരുന്ന ഇത്തരമൊരു സാഹചര്യം ഒരു ഭരണകര്‍ത്താവിനെയും പാര്‍ടിയെയും സംബന്ധിച്ചിടത്തോളവും ഏറെ സങ്കീര്‍ണ്ണമായിരുന്നു.

എന്നാല്‍, കേരളത്തിലെ എക്കാലത്തെയും മന്ത്രിസഭയ്‌ക്ക്‌ മാതൃകയാകുന്ന വിധത്തില്‍ മന്ത്രിസഭയെ നയിക്കാന്‍ സഖാവിന്‌ സാധ്യമായി. കാര്‍ഷിക-വിദ്യാഭ്യാസ-ആരോഗ്യ-സാമൂഹ്യക്ഷേമ മേഖലകളില്‍ ഇടപെട്ടുകൊണ്ട്‌ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളാണ്‌ ജന്മിത്വത്തിന്റെ പിടിയിലമര്‍ന്നിരുന്ന കേരളത്തെ ആധുനിക കേരളമാക്കി മാറ്റുന്നതില്‍ സുപ്രധാനമായ പങ്കുവഹിച്ചത്‌. 1967 ലെ സപ്‌തകക്ഷി സര്‍ക്കാരിനെ നയിച്ച മുഖ്യമന്ത്രിയും ഇ.എം.എസ്‌ തന്നെയായിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഐക്യമുന്നണി മന്ത്രിസഭയായിരുന്നു അത്‌. പിന്നീട്‌ വിവിധ സംസ്ഥാനങ്ങളില്‍ പില്‍ക്കാലങ്ങളില്‍ രൂപപ്പെട്ട ഐക്യമുന്നണി മന്ത്രസഭകള്‍ക്ക്‌ വഴികാട്ടി ഈ മന്ത്രിസഭയും അതിന്റെ പ്രവര്‍ത്തനശൈലിയുമായിരുന്നു.

1998 മാര്‍ച്ച്‌ 19 നു നിര്യാതനായി.









 എന്‍.സി. ശേഖര്‍

കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ്‌ ഗ്രൂപ്പില്‍  അംഗമായിരുന്നു എന്‍.സി. ശേഖര്‍. അദ്ദേഹത്തിന്റെ പൂര്‍ണമായ പേര്‌ നാരായണന്‍പിള്ള ചന്ദ്രശേഖരന്‍പിള്ള. ഇദ്ദേഹം 1904 ജൂലൈ 2-ാം തീയതി തിരുവനന്തപുരത്ത്‌ വെങ്ങാനൂരാണ്‌ ജനിച്ചത്‌. 1921 ലെ നിസ്സഹകരണ പ്രസ്ഥാനത്തില്‍ എന്‍.സി സജീവമായി പങ്കെടുത്തു. 1921 ല്‍ തന്നെ എന്‍.സി സ്വരാജ്‌ ആശ്രമത്തില്‍ ചേര്‍ന്ന്‌ പതിനാറാമത്തെ വയസ്സില്‍ കോണ്‍ഗ്രസ്സ്‌ അംഗത്വം നേടി.

1930 ലെ നിയമലംഘനപ്രസ്ഥാനത്തോടനുബന്ധിച്ച്‌ തടവുശിക്ഷ അനുഭവിച്ച്‌ കണ്ണൂര്‍ ജയിലില്‍ നിന്നും തിരുവനന്തപൂരത്ത്‌ തിരിച്ചെത്തിയ എന്‍.സി തികച്ചും പുതിയൊരു വിപ്ലവാവേശത്തിന്റെ വക്താവായി കഴിഞ്ഞിരുന്നു. കണ്ണൂര്‍ ജയിലില്‍ നിന്ന്‌ മറ്റ്‌ തടവുകാരുമായി നടത്തിയ ആശയവിനിമയം (പ്രത്യേകിച്ച്‌ ഹി്‌ന്ദുസ്ഥാന്‍ സേവാദള്‍ വാളന്റിയര്‍മാര്‍) കോണ്‍ഗ്രസ്സ്‌ മുതലാളിത്തത്തിന്റെ രാഷ്‌ട്രീയസംഘടനയാണ്‌ എന്ന വസ്‌തുത മനസ്സിലാക്കുന്നതിന്‌ സഹായിച്ചു. അതോടെ ഒരൂ രഹസ്യ കമ്മ്യൂണിസ്റ്റ്‌ സംഘടന എന്ന ആശയം എന്‍.സിയുടെ മനസ്സില്‍ നാമ്പെടുത്തു. അങ്ങനെ 1931 ല്‍ കമ്മ്യൂണിസ്റ്റ്‌ ലീഗ്‌ എന്ന രഹസ്യസംഘടന രൂപീകരിച്ചു. ബോള്‍ഷെവിക്ക്‌ വിപ്ലവത്തെക്കൂറിച്ചുള്ള അറിവും അതോടൊപ്പം ജയില്‍ അനുഭവങ്ങളുമാണ്‌ പാര്‍ട്ടി രഹസ്യഗ്രൂപ്പ്‌ ഉണ്ടാക്കുന്നതിനു അദ്ദേഹത്തെ പ്രേരിപ്പിച്ചത്‌.

1934 ല്‍ മലബാറിലേക്ക്‌ വന്ന എന്‍.സി കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത്‌ പ്രവര്‍ത്തിച്ചു ട്രേഡ്‌ യൂണിയന്‍ കെട്ടിപ്പടുക്കുവാനുള്ള ചുമതല എന്‍.സിയെയാണ്‌ പാര്‍ട്ടി ഏല്‍പ്പിച്ചത്‌.

1939 ല്‍ കോയമ്പത്തൂരില്‍ പാര്‍ടി കെട്ടിപ്പടുക്കുവാന്‍ എന്‍.സി അങ്ങോട്ടുപോയി. എന്‍.സി ഉള്‍പ്പെടെ എട്ടുപേരുടെ പേരില്‍ കമ്യൂണിസ്റ്റ്‌ ഗൂഢാലോചനാ കേസ്‌ ചാര്‍ജ്‌ ചെയ്യപ്പെട്ടു. അതിനെത്തുടര്‍ന്ന്‌ ആറര വര്‍ഷക്കാലം ജയിലിലടക്കപ്പെട്ടു. 1954 മുതല്‍ 1960 വരെ രാജ്യസഭാംഗമായി പ്രവര്‍ത്തിച്ചു. എന്‍.സി 1960 ല്‍ പാര്‍ടിയില്‍ നിന്ന്‌ സസ്‌പെന്റ്‌്‌ ചെയ്യപ്പെട്ടു. 1964-ല്‍ വീണ്ടും അദ്ദേഹം സി.പി.ഐ.എം-ല്‍ അംഗമായിരുന്നുവെങ്കിലും 1967-ല്‍ പുറത്താക്കപ്പെട്ടു. 1986-ല്‍ എന്‍.സി കണ്ണൂരില്‍ വെച്ച്‌ അന്തരിച്ചു.












 കെ.ദാമോദരന്‍
കേരളത്തിലെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്‌ സ: കെ. ദാമോദരന്‍. കമ്മ്യൂണിസ്റ്റ്‌ പാര്‍ടിയുടെ കേരളത്തിലെ ആദ്യ ഗ്രൂപ്പിലെ അംഗമായിരുന്നു. മലബാറിലെ കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയുടെ മുഖപത്രമായിരുന്ന 'പ്രഭാതം' സ്ഥാപിക്കുന്നതിലും നടത്തിക്കൊണ്ടു പോകുന്നതിലും ഇ.എം.എസി-നോടൊപ്പം ദാമോദരനും പ്രമുഖമായ പങ്ക്‌ വഹിച്ചിരുന്നു. 1953-ലെ മലബാര്‍ ജില്ലാ ബോര്‍ഡ്‌ തിരഞ്ഞെടുപ്പില്‍ ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി കമ്യൂണിസ്റ്റ്‌ പാര്‍ട്ടി ഒരു ഭരണകക്ഷിയായി മാറിയപ്പോള്‍ മലബാര്‍ പാര്‍ട്ടിയുടെ സെക്രട്ടറി ദാമോദരനായിരുന്നു. ദാമോദരന്‍ രാജ്യസഭാംഗമായി ഇരുന്നിട്ടുണ്ട്‌.

കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനത്തിന്റെ താത്വികാചാര്യന്മാരിലൊരാളായാണ്‌ ദാമോദരന്‍ അറിയപ്പെട്ടിരുന്നത്‌. അദ്ദേഹത്തിന്റെ `പാട്ടബാക്കി' എന്ന പ്രശസ്‌തമായ നാടകം മലയാള നാടകരംഗത്ത്‌ ഒരു വഴിത്തിരിവ്‌ കുറിയ്‌ക്കുന്നതായിരുന്നു. മലബാറിലെ കര്‍ഷപ്രസ്ഥാനത്തിന്റെ വളര്‍ച്ചയ്‌ക്ക്‌ ഈ നാടകം വിലപ്പെട്ട സംഭാവന നല്‍കിയിട്ടുണ്ട്‌. ഒരു ബഹുഭാഷ പണ്ഡിതന്‍ കൂടിയായിരുന്ന ദാമോദരന്‍ റഷ്യന്‍ ഭാഷയില്‍ നിന്ന്‌ ഗ്രന്ഥങ്ങള്‍ മലയാളത്തിലേയ്‌ക്ക്‌ വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്‌. ഇന്ത്യയുടെ ആത്മാവ്‌ എന്ന പേരില്‍ മലയാളത്തിലും ഇംഗ്ലീഷിലും പ്രസിദ്ധീകൃതമായ ഗ്രന്ഥമാണ്‌ ദാമോദരന്റെ കൃതികളില്‍ ഏററവും പ്രധാനപ്പെട്ടത്‌. നല്ലൊരു വാഗ്‌മി കൂടിയായിരുന്ന ദാമോദരന്‍ 1976 ജൂലൈ മൂന്നാം തീയതി അന്തരിച്ചു.